പാട്ന: സ്വത്ത് മുഴുവന്‍ ആനകള്‍ക്ക് എഴുതിവച്ച് ഒരു ആനപ്രേമി. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ മുഹമ്മദ് അക്തര്‍ എന്നയാളാണ് സ്വത്ത് മുഴുവന്‍ തന്റെ ആനകളായ മോട്ടിയുടെയും റാണിയുടെയും പേരില്‍ എഴുതിവച്ചത്.
തന്റെ പേരിലുള്ള 6.25 ഏക്കര്‍ സ്ഥലമാണ് മുഹമ്മദ് അക്തര്‍ ആനകള്‍ക്കായി നല്‍കിയിരിക്കുന്നത്. താന്‍ മരിച്ചുപോയാലും ആനകള്‍ പട്ടിണി കിടക്കരുതെന്നാണ് ഈ ആനപ്രേമിയുടെ ആഗ്രഹം. ആനകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് മുഹമ്മദ് അക്തര്‍.
തനിക്ക് കുടുംബസ്വത്തായി ലഭിച്ച ആനകളുടെ അനന്തര തലമുറയില്‍പ്പെട്ടതാണ് ഈ ആനകള്‍ എന്ന് മുഹമ്മദ് അക്തര്‍ പറയുന്നു. ഇരുപതുവയസ്സാണ് മോട്ടിയ്ക്ക്, റാണിയ്ക്ക് പതിനഞ്ചും. രണ്ട് ആനകളും തന്റെ കുടുംബാംഗങ്ങളാണ്. ചെറുപ്പകാലം മുതല്‍ ഈ ആനകള്‍ക്കൊപ്പമാണ് വളര്‍ന്നത്.
മാത്രമല്ല ഇതില്‍ ഒരു ആന ഒരിക്കല്‍ തന്റെ ജീവന് രക്ഷിച്ചിട്ടുള്ളതായും മുഹമ്മദ് അക്തര്‍ പറയുന്നു. ഒരിക്കല്‍ തന്റെ നേരെ വെടിയുതിര്‍ക്കാന്‍ ഉന്നംപിടിച്ച ഒരു അക്രമിയില്‍നിന്ന് മോട്ടി ആനയാണ് തന്റെ ജീവന് രക്ഷിച്ചതെന്നും
മുഹമ്മദ് അക്തര്‍ പറയുന്നു.
ഉറക്കത്തിലായിരുന്ന തന്നെ ചിഹ്നംവിളിച്ച് ഉണര്‍ത്തി കൊലയാളിയില്‍ നിന്ന് രക്ഷിച്ചത് മോട്ടി ആനയാണെന്ന് അദ്ദേഹം പറയുന്നു. തന്നെ കൊലപ്പെടുത്തി ആനകളെ തട്ടിയെടുത്ത് വില്‍ക്കാനുള്ള തന്റെ കുടുംബത്തില്‍പ്പെട്ട ചിലരുടെ തന്നെ ശ്രമമാണ് മോട്ടി ആന പൊളിച്ചതെന്നാണ് മുഹമ്മദ് അക്തര്‍ പറയുന്നത്.അതുകൊണ്ടുകൂടിയാണ് തന്റെ പേരിലുള്ള സ്വത്ത് ആനകളുടെ പേരില്‍ എഴുതിവെച്ചതെന്നും അദ്ദേഹം പറയുന്നു.
Discussion about this post