ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനവും തുടർന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിന് തെറ്റ് പറ്റുകയോ ചെയ്തത് കുറഞ്ഞുപോകുകയോ ചെയ്തിരിക്കാമെന്ന പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പക്ഷെ, ചെയ്ത കാര്യങ്ങളിൽ സർക്കാറിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നതായും അദ്ദേഹം പറഞ്ഞു. 1,70,000 കോടി രൂപയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷം എന്താണ് ചെയ്തതെന്നും ചോദിച്ചു.
വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘ഞങ്ങളുടെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചിരിക്കാം.പക്ഷേ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമായിരുന്നു. ഞങ്ങൾക്ക് തെറ്റ് പറ്റിയിരിക്കാം, ചിലപ്പോൾ ചെയ്തത് കുറഞ്ഞുപോയിരിക്കാം. ഞങ്ങൾക്ക് ചിലത് ചെയ്യാൻ കഴിഞ്ഞിട്ടുമുണ്ടാകില്ല. എന്നാൽ നിങ്ങൾ എന്താണ് ചെയ്തത്?’ അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു.
രാജ്യത്തെ കോവിഡിനെതിരേ പോരാടാൻ ആരോ സ്വീഡനിലിരുന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്നു. ചിലർ അമേരിക്കയിലിരുന്ന് സംസാരിക്കുന്നു. നിങ്ങൾ എന്ത് ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് ഒരു വിശദീകരണം നൽകുകയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post