ന്യൂഡൽഹി: രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനം പേരും ഇതിനോടകം രോഗബാധിതരാകുകയും രോഗത്തിൽ നിന്നും ചിലപ്പോൾ മുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനം. കണ്ടെയ്ൻമെന്റ് സോണുകളിലെ 15മുതൽ 30%വരെ ജനങ്ങൾ കൊവിഡ് ബാധിതരായേക്കാമെന്നാണ് സർവേ പേറയുന്നത്. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ സിറോ സർവ്വേയിലാണ് ഈ കണ്ടെത്തൽ. 10 കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നായി 500 സാമ്പിളുകൾ ശേഖരിച്ചു എന്നാണ് ദി ന്യൂ ഇന്ത്യൻഎക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സിറോ സർവ്വെയാണിത്.
മുംബൈ, പുനെ, താനെ, ഡൽഹി, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുർ തുടങ്ങിയ ഹോട്ടസ്‌പോട്ടുകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നാണ്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാൻ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ നേരത്തെ നിർദേശം നൽകിയിരുന്നു.
സാർസ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സർവേ നേരത്തെ പൂർത്തിയാക്കിയിരുന്നു. നിലവിൽ രോഗം പടരുന്നതിന്റെ കാര്യത്തിൽ രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആർ പൈലറ്റ് സർവേ നടത്തിയത്. സിറോ സർവേയോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ചു. ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതൽ പേരിൽ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ സാധിക്കും.