അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നാളെ ആരംഭിക്കും. തറക്കല്ലിടല്‍ ചടങ്ങിനാണ് നാളെ തുടക്കം കുറിക്കുന്നതെന്നാണ് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞത്. രാമജന്മഭൂമിയിലെ കുബര്‍ തിലാ പ്രത്യേക പീഠത്തില്‍ വെച്ച് നടക്കുന്ന ശിവ പൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ലങ്കയ്ക്കെതിരെ ആക്രമണം നടത്തുന്നതിന് മുമ്പ് രാമന് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ഈ പാരമ്പര്യമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ വക്താവ് മഹാന്ത് കമല്‍ നയന്‍ദാസ് പറഞ്ഞത്.
‘രുദ്രാഭിഷേക്’ എന്ന് അറിയപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് തറക്കല്ലിടല്‍ ചടങ്ങിന് തുടക്കം കുറിക്കുക. ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ കാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. രാവിലെ 8മണിയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും.
2019 നവംബര്‍ 9നാണ് ബാബറി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പണിയാം എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരം പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമായിരുന്നു കോടതി വിധി.
Discussion about this post