ആസാമില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ അടിച്ചു കൊന്ന് ആഹ്ലാദ പ്രകടനം നടത്തി നാട്ടുകാര്‍; ആറുപേര്‍ അറസ്റ്റില്‍

ഗുവാഹത്തി: ആസാമിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചു കൊന്ന് ആഹ്ലാദ പ്രകടനം നടത്തി. ഗുവാഹത്തിക്ക് സമീപത്തുള്ള ബൂര്‍ച്ചുക്കിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ജഡവുമായാണ് നാട്ടുകാര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായതായും പോലീസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജനവാസ കേന്ദ്രത്തിലിറങ്ങിയതു കൊണ്ടാണ് പുലിയെ കൊന്നതെന്നാണ് നാട്ടുകാരുടെ വിശദീകരണം. ഫോറസ്റ്റ് അധികൃതര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം ഒഴിവക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ പുലിയെ അടിച്ചു കൊല്ലുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കെണിയില്‍ കുടുങ്ങിയെന്നായിരുന്നു ഫോറസ്റ്റിന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ അധികൃതര്‍ എത്തുമ്പോഴേക്കും പുലി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പുലിയെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാട്ടില്‍ വെച്ച് പുലിയെ കൊല്ലുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version