പനി, തൊണ്ടവേദന; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ പോയി. പനിയും തൊണ്ടവേദനയും മൂലമാണ് മുഖ്യമന്ത്രി സമ്പര്‍ക്ക വിലക്കില്‍ പോയത്. കൊവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാളെ ശേഖരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജരിവാള്‍ റദ്ദാക്കിയിരുന്നു.

ഞായയറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി അദ്ദേഹം എത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുമെന്നതിനാലായിരുന്നു ഈ തീരുമാനം.

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകള്‍ ഡല്‍ഹി നിവാസികള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version