ഓഫീസുകള്‍, റസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കും; രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍, ആശങ്ക

ന്യൂഡല്‍ഹി: അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

സംസ്ഥാനങ്ങള്‍ ഇളവുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ എന്ന ആശങ്കയും പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇളവുകള്‍ നല്‍കില്ല.

മഹാരാഷ്ട്ര ഒരു ഇളവും നടപ്പാക്കില്ല. തമിഴ്നാട്ടിലും അരുണാചല്‍ പ്രദേശിലും ആരാധനാലയങ്ങള്‍ തുറക്കില്ല. ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ജമ്മു കശ്മീരില്‍ ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും..

അനുവാദമില്ലാതെ അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരുമായി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ റസ്റ്റോറന്റുകള്‍ തുറക്കില്ല. മറ്റ് സംസ്ഥാനങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ഇളവുകള്‍ നടപ്പാക്കാനാണ് തീരുമാനം.

ആദ്യ ഘട്ടത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാകും രണ്ടാം ഘട്ടത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും മൂന്നാം ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെയും തിയേറ്റര്‍, ജിം എന്നിവ തുറക്കുന്ന സംബന്ധിച്ചുമുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.

കേരളത്തിലും ഇന്ന് ആരാധനാലയങ്ങളും ഹോട്ടലുകളും തുറക്കും. എന്നാല്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പല ഭാഗങ്ങളില്‍ നിന്നും ഇളവുകള്‍ നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. പല മുസ്ലീം പള്ളികളും തുറക്കില്ലെന്ന് ഇതിനോടകം അറിയിച്ചു. പല ജില്ലകളിലും ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Exit mobile version