ഗുവാഹത്തി: കൊരേണ വൈറസ് വ്യാപനത്തിനെതിരെ ഫലപ്രദമായ വാക്‌സിൻ ഇനിയും കണ്ടുപിടിക്കാനാകാതെ ദുരിതത്തിലാണ് ലോകം. ഇതിനിടെ കൊറോണയെ ദേവിയായി കണ്ട് ആരാധിക്കുകയാണ് ആസാമിലെ ചില നാട്ടുകാർ. ആസാമിലെ സ്ത്രീകൾ ‘കൊറോണ ദേവീപൂജ’ നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയായത്.
ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാൻ ‘കൊറോണ ദേവീപൂജ’ കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം. ബിശ്വനാഥ് ചരിയാലി മുതൽ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലടക്കം ഈ പൂജ നടന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിശ്വനാഥ് ചരിയാലിയിൽ നദിക്കരയിൽ ശനിയാഴ്ചയാണ് ‘കൊറോണ ദേവീപൂജ’ നടത്തിയത്.
തങ്ങൾ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോൾ കാറ്റ് വന്ന് വൈറസിനെ തകർത്തു കളയുമെന്നും ‘കൊറോണ ദേവീപൂജ’ നടത്തിയ ഒരു സ്ത്രീ പറഞ്ഞു. ഇന്നലെ മാത്രം 81 പേർക്കാണ് ആസാമിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,324 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 9971 കൊവിഡ് കേസുകളാണ്. ലോക്ക്ഡൗൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോൾ ആണ് ദിനം പ്രതിയുടെ കൊവിഡ് കേസുകളുടെ വർധന പതിനായിരത്തിൽ എത്തുന്നത്.
Discussion about this post