വരുമാനമില്ല, സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈയിലാണ് സംഭവം. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതോടെ സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വരുമാനമില്ലാതെ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയും വീടിന് പുറത്ത് ഇരുവരെയും കാണാതെ വന്നതോടെയും അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പുറത്തുനിന്നും വിളിച്ചു. വീട്ടിനുള്ളില്‍ നിന്നും പ്രതികരണമില്ലാതെ വന്നതോടെ വാതില്‍ തകര്‍ത്ത് പോലീസ് അകത്തുകയറി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സ്റ്റാന്‌ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version