ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാം; ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്ഥിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മിറ്റി നിരീക്ഷിച്ചു.

‘ഡല്‍ഹിയില്‍ നിലവില്‍ 25,000 കൊവിഡ് കേസുകളുണ്ട്. രോഗം ഇരട്ടിക്കുന്ന സമയം 14 മുതല്‍ 15 ദിവസമാണ്. ഇതിനര്‍ത്ഥം ജൂണ്‍ പകുതിയോടെ 50,000 കേസുകളും മാസാവസാനത്തോടെ ഒരു ലക്ഷം കേസുകളും ഉണ്ടാകും. ഈ രോഗികളില്‍ 20 മുതല്‍ 25 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കണക്കാക്കിയാല്‍ ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമാണ്’ എന്നാണ് അഞ്ചംഗ സമിതിയുടെ ചെയര്‍മാന്‍ ഡോ. മഹേഷ് വര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സമിതി ഈ റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയത്.

അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 27654 ആയി ഉയര്‍ന്നു. ഇതുവരെ 761 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്.

Exit mobile version