ജയ്പൂര്‍: പുലര്‍ച്ചെ മൂന്നുമണിവരെ പബ്ജി കളിച്ചിരുന്ന ഒമ്പതാംക്ലാസ്സുകാരനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. രാവിലെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പബ്ജി ഗെയിം ഡൗണ്‍ലോഡ് ചെയ്യണമെന്ന് കുട്ടി നിരന്തരമായി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ സമ്മതിച്ചില്ല. കുട്ടി ശല്യം ചെയ്തതോടെ മൂന്ന് ദിവസം മുമ്പാണ് അമ്മയുടെ ഫോണില്‍ പബ്ജി ഗെയിം ഡൌണ്‍ലോഡ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഗെയിം കളിക്കുകയായിരുന്നു.
സഹോദരനൊപ്പമാണ് ശനിയാഴ്ച പുലര്‍ച്ചെ 3 മണി വരെ പബ്ജി കളിച്ചത്. പിന്നീട് ഇരുവരും ഉറങ്ങാനായി പോയി. രാവിലെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കരസേന ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച 14 വയസ്സുകാരന്‍. പിതാവ് അരുണാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം രാജസ്ഥാനിലെ കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്നു താമസം.