ന്യൂഡൽഹി: കൊവിഡ് ഭീഷണി ഇനിയും വിട്ടുപോവാത്ത സാഹചര്യത്തിൽ ഈവർഷം ഇന്ത്യയിൽനിന്നു ഹജ്ജ് തീർത്ഥാടകരെ അയച്ചേക്കില്ലെന്ന് സൂചന. ഹജ്ജിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ നിലപാട് വ്യക്തമായശേഷമേ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ.
ഈവർഷത്തെ തീർത്ഥാടനത്തിന് ഒരുക്കങ്ങളാരംഭിക്കാൻ ആഴ്ചകളേ ശേഷിക്കുന്നുള്ളൂവെന്നു ദേശീയ ഹജ്ജ് കമ്മിറ്റി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ ഒടുവിലും ഓഗസ്റ്റ് ആദ്യവുമായാണ് ഈവർഷത്തെ തീർത്ഥാടനം നടക്കേണ്ടത്. എന്നാൽ, ഇതുസംബന്ധിച്ചു സൗദി സർക്കാരിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈവർഷം തീർത്ഥാടനം വേണ്ടെന്നുവയ്ക്കുന്നവർക്ക് ഇതുവരെ അടച്ച മുഴുവൻ പണവും തിരിച്ചുനൽകുമെന്ന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.