ട്വിറ്ററില്‍ നിന്ന് ബിജെപിയെ നീക്കം ചെയ്‌തെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ജ്യോതിരാദിത്യ സിന്ധ്യ;വ്യാജ വാര്‍ത്തകള്‍ സത്യത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്ന് സിന്ധ്യ

ന്യൂഡല്‍ഹി; ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപിയെ നീക്കം ചെയ്‌തെന്ന ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് നിഷേധിച്ച് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. തന്റെ ടിറ്റര്‍ അക്കൗണ്ടിലൂടെ തന്നെയാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ജ്യോതിരാദിത്യ സിന്ധ്യ നിഷേധിച്ചത്. ‘വ്യാജ വാര്‍ത്തകള്‍ സത്യത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു’ എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്.

ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയെ നീക്കം ചെയ്‌തെന്നും, കോണ്‍ഗ്രസിലേക്ക് തിരിച്ചേത്തിയെക്കുമെന്നും ആയിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ നിഷേധിച്ചിരിക്കുന്നത്.

കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു മാര്‍ച്ചിലാണ് സിന്ധ്യ ബിജെപിയില്‍ എത്തിയത്. 18 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിന്ധ്യ ബിജെപിയിലെത്തിയത്. 22 എംഎല്‍എമാരും സിന്ധ്യക്കൊപ്പം ബിജെപിയിലെത്തിയിരുന്നു. വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്ന നീക്കത്തിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു.

അതേസമയം സിന്ധ്യയ്‌ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നവരില്‍ ചിലര്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബിജെപിയെ നീക്കം ചെയ്തത് കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത് എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ കോണ്‍ഗ്രസ് വിടുന്നതിന് മുന്‍പ് സിന്ധ്യ ട്വിറ്ററില്‍ തിരുത്തല്‍ വരുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും ബിജെപിയെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് പ്രദുമന്‍ സിങ് തോമര്‍ പറഞ്ഞത്. പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റ് ആരാധകന്‍ എന്നു മാത്രമാണ് സിന്ധ്യ ട്വിറ്റര്‍ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്.

Exit mobile version