ഒരുസമയം 25 സ്‌കൂളുകളില്‍ അധ്യാപിക; ഒരുകോടി അനധികൃതമായി സമ്പാദിച്ച അധ്യാപിക ഒടുവില്‍ അറസ്റ്റില്‍

ലഖ്നൗ: ഒരേസമയം, 25 സ്‌കൂളുകളില്‍ അധ്യാപികയായി വന്‍ തട്ടിപ്പുനടത്തി ഒരു കോടി സമ്പാദിച്ച അധ്യാപിക അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അനാമിക ശുക്ലയെന്ന അധ്യാപികയാണ് അറസ്റ്റിലായത്.

ഈ വര്‍ഷം ഫെബ്രുവരി 13 മാസത്തോളമാണ് അനാമിക ശുക്ല 25 സ്‌കൂളുകളില്‍ ജോലി ചെയ്തു ഒരു കോടി രൂപ ശമ്പളമായി നേടിയത്. സംഭവം വിവാദമായതോടെ അനാമിക ശുക്ല കസ്ഗഞ്ച് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.

മെയിന്‍പുരി സ്വദേശിയായ അനാമിത ശുക്ല കാസ്ഗഞ്ചിലെ ഫരീദ്പൂരിലെ പിന്നോക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ മുഴുവന്‍ സമയ സയന്‍സ് ടീച്ചറായാണ് ഔദ്യോഗികമായി ജോലി ചെയ്തത്. എന്നാല്‍ ഇതേസമയം അംബേദ്കര്‍ നഗര്‍, ബാഗ്പത്, അലിഗഡ്, സഹാറന്‍പൂര്‍, പ്രയാഗ്രാജ് ജില്ലകളിലെ പല സ്‌കൂളുകളിലും ഇവര്‍ ജോലി ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മാനവ് സമ്പദ് പോര്‍ട്ടലില്‍ അധ്യാപകരുടെ ഡേറ്റാബേസ് തയ്യാറാക്കുന്നതിനിടെയാണ് അനാമിക ശുക്ലയുടെ തട്ടിപ്പ് വ്യക്തമായത്. ഈ പോര്‍ട്ടലില്‍ അധ്യാപകരുടെ സ്വകാര്യ രേഖകള്‍, ചേരുന്ന തീയതി, സ്ഥാനക്കയറ്റം തുടങ്ങിയ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിനിടെയാണ് അനാമിക ശുക്ല 25 സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതായി വ്യക്തമായത്.

മറ്റൊരാളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കൂടുതല്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചത്. അനാമികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജലി അഗര്‍വാള്‍ വ്യക്തമാക്കി. ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിവെക്കാനും, ഇതുവരെ നേടിയത് തിരികെ പിടിക്കാനും അധികൃതര്‍ ഉത്തരവിട്ടിരുന്നു. അലിഗഡിലെ അഡീഷണല്‍ ഡയറക്ടര്‍ (ബേസിക് എഡ്യൂക്കേഷന്‍) ആണ് ശുക്ലയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.

കേസിലെ വസ്തുതകള്‍ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുന്നുണ്ടെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിജയ് കിരണ്‍ ആനന്ദ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.

Exit mobile version