ഉത്തര്‍പ്രദേശ്: ഒരേസമയം 25 സ്കൂളുകളില്‍ ജോലി ചെയ്ത് അധ്യാപിക സമ്പാദിച്ചത് കോടി രൂപ. ഉത്തര്‍പ്രദേശിലെ അനാമിക ശുക്ല എന്ന അധ്യാപികയാണ് വന്‍തട്ടിപ്പു നടത്തിയിരിക്കുന്നത്.
പിന്നോക്ക വിഭാഗക്കാരിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലെ മുഴുവന്‍ സമയ സയന്‍സ് അധ്യാപികയായിരുന്നു ഇവര്‍. മണിപ്പൂരുകാരിയാണ് അനാമിക. ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ജനറല്‍ വിജയ് കിരണ്‍ ആനന്ദ് അറിയിച്ചു. പ്രേരണ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അധ്യാപകരുടെ അറ്റന്‍ഡന്‍സ് ശരിയാക്കുന്നതെന്നും എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ജില്ലയില്‍ ഒരു ബ്ലോക്കിലാണ് കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങള്‍ അനുവദിച്ചിരിക്കുന്നത്. അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് തുടങ്ങി വിവിധ ജില്ലകളിലാണ് ഇവര്‍ അധ്യാപികയായി ഒരേസമയം ജോലി ചെയ്തത്.
ഒരാളാണോ ഒരുകൂട്ടം പേരാണ് ഈ തട്ടിപ്പിന് പിന്നിലെന്നും വ്യക്തമല്ല. ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനായി അധ്യാപകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനിടെയാണ് തട്ടിപ്പു പുറത്തായത്. അതേസമയം അനാമികയെ ആദ്യം ടീച്ചറായി എവിടെയാണ് നിയമിച്ചതെന്നും കണ്ടെത്താനായിട്ടില്ല.
2020 ഫെബ്രുവരി വരെയുള്ള 13 മാസത്തെ ശമ്പളമാണ് ഇവര്‍ 25 സ്കൂളുകളില്‍ നിന്നും പിന്‍വലിച്ചത്. ഒരു മാസം അധ്യാപകര്‍ക്ക് ഏതാണ്ട് 30000 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. ഒരേ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അനാമിക ശുക്ലക്ക് നോട്ടീസയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
നിലവില്‍ ഇവര്‍ക്കുള്ള എല്ലാ ശമ്പളവും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. വിവിധ സ്കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്.
Discussion about this post