ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ലോക്ക്ഡൗണിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ കുടിയേറ്റ തൊഴിലാളികളേയും സ്വദേശങ്ങളിലേക്ക് എത്തിക്കാനായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 15 ദിവസത്തെ സാവകാശം നൽകി സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്‌കെ കൗൾ എന്നിവരുടെ ബെഞ്ചാണ് നിർദേശം നൽകിയത്.
അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂൺ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകൾ ഓടിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകൾ വേണ്ടി വരുമെന്നതും സംസ്ഥാന സർക്കാരുകൾക്കേ പറയാൻ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.
ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ ഓടിയതെന്നും മെഹ്ത വിശദീകരിച്ചു.
Discussion about this post