മനേകാ ഗാന്ധിക്ക് എട്ടിന്റെ പണി കൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്; പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിക്ക് എട്ടിന്റെ പണികൊടുത്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്താണ് കേരളാ സൈബര്‍ വാരിയേഴ്‌സ് മറുപടി കൊടുത്തിരിക്കുന്നത്. മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണിത്.

മനേകാ ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്‌നേഹം മുസ്ലീം വിരോധത്തിന്റെ മുഖംമൂടിയാണെന്നും എംപിയും മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റില്‍ എഴുതിവച്ചിട്ടുണ്ട്. ഇതിനു പുറമെ ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും ഇതിനു മുമ്പും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ഇത്തരത്തില്‍ നാനൂറോളം ജീവികളെയാണ് അവര്‍ കൊന്നൊടുക്കിയതെന്നും മനേകാ ഗാന്ധി ആരോപിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും വനംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.

Exit mobile version