ചെന്നൈ: രാജ്യത്ത് തമിഴ്നാട് അടക്കം നാല് സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം രൂക്ഷമാകുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ആയിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1384 പോസിറ്റീവ് കേസുകളും 12 മരണവുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ ഒറ്റദിവസം 1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27,256ഉം മരണം 220ഉം ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 80,000ത്തിലേക്ക് അടുക്കുകയാണ്. 79000ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2710 പേരാണ് ഇവിടെ മരിച്ചത്. അതേസമയം ഹരിയാനയിലെ രോഗവ്യാപനത്തിന് ഡല്‍ഹി അതിര്‍ത്തി തുറന്നിടുന്നത് പ്രധാന കാരണമാണെന്നാണ് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത്. ഹരിയാനയില്‍ 327 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്ത് ജില്ലകളിലാണ് 72 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു.
അതേസമയം ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുവരെ 2,26,770 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 273 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6348 ആയി ഉയര്‍ന്നു. നിലവില്‍ 1,10,960 പേരാണ് ചികിത്സയിലുള്ളത്. 1,09,462 പേര് രോഗമുക്തി നേടി.
Discussion about this post