ജലന്ധർ: ജോലി തേടി ഉത്തർപ്രദേശിൽ നിന്നും പഞ്ചാബിലെത്തിയ കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയും പിറക്കാനിരുന്ന കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ജലന്ധറിലെ ഇഷ്ടിക ചൂളയിൽ നവംബർ മുതൽ ജോലി ചെയ്ത് വരുന്ന വിക്കിയെന്ന യുവാവിന്റെ ഭാര്യ സീമയാണ് മരണപ്പെട്ടത്. ഇവരുടെ കുഞ്ഞും ഗർഭാവസ്ഥയിൽ തന്നെ മരിക്കുകയായിരുന്നു.
ജൂൺ അഞ്ചിനായിരുന്നു സീമയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ മേയ് പകുതിയായതോടെ സീമയ്ക്ക് പ്രസവ വേദന വന്നു. വേദന സഹിക്കാനാകാതെ വന്നതോടെ മേയ് 28ന് സീമയെ ആദംപൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സീമയെ അവിടെ പ്രവേശിപ്പിക്കാൻ തയാറായില്ല. പിന്നീട് ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർ പരിശോധിക്കുകയും കുട്ടിയുടെ കാര്യത്തിൽ ചില സങ്കീർണതകളുണ്ടെന്നും അതിനാൽ അമൃത്സർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
”ആദംപൂരിലെ ഡോക്ടർമാർ പറഞ്ഞത് സീമയുടെ നില ഗുരുതരമെന്നാണ്. ജലന്ധറിലെ സിവിൽ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. റിപ്പോർട്ട് വന്നപ്പോൾ കുട്ടിയുടെ നില മോശമാണെന്നും അമൃത്സറിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുമായിരുന്നു അവർ നിർദേശിച്ചത്. വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു”-വിക്കി പറയുന്നു.
മേയ് 5 ന് നടത്തിയ അവസാന സ്‌കാനിങിൽ സീമയുടെ അവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും വിക്കി കൂട്ടിച്ചേർത്തു. പിന്നീട് മെഡിക്കൽ കോളേജിൽ രണ്ടുദിവസം സീമ ചികിത്സയിൽ കഴിഞ്ഞു. ഇതു കൂടാതെ നാല് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും വിക്കി ശ്രമം നടത്തി. എന്നാൽ കൈയ്യിൽ ആവശ്യത്തിന് പണം ഇല്ലാത്തതിനാൽ എല്ലാവരും തന്നെ മടക്കി അയക്കുകയായിരുന്നുവെന്ന് വിക്കി പറഞ്ഞു.
മേയ് 31ന് ഗുരുതരാവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. പക്ഷേ ചികിത്സാ ചെലവ് വഹിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല- സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് സീമയെ ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോവുകയും മേയ് 31ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
‘അമൃത്സറിലെ മികച്ച ചികിത്സ തന്നെ സീമയ്ക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, ദമ്പതികൾ അതിന് തയാറായില്ല. അവർ തിരികെ എത്തിയത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗർഭാശയത്തിൽവെച്ചു തന്നെ കുഞ്ഞുമരിച്ചു’ സിവിൽ സർജൻ ഡോ. ഗുരീന്ദർ കൗർ ചൗള ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.