ഇംഫാൽ: മരണപ്പെട്ട അച്ഛനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ചെത്തിയ അഞ്ജലിക്ക് അച്ഛനരികിൽ ചെലവഴിക്കാനായത് മൂന്ന് മിനിറ്റ് മാത്രം. ആരോഗ്യവകുപ്പ് അധികൃതർ അനുവദിച്ച പ്രകാരം മൂന്ന് മിനുട്ട് മൃതദേഹത്തിനരികിൽ ഇരുന്ന് അനുശോചനമർപ്പിച്ച് അഞ്ജലി മടങ്ങുകയായിരുന്നു. മണിപ്പൂരിലെ കാങ്‌പോകിയിലാണ് സംഭവം.
മേയ് 25നാണ് ശ്രമിക് ട്രെയിനിൽ ചെന്നൈയിൽ നിന്നും അഞ്ജലി ഇംഫാലിൽ തിരിച്ചെത്തിയത്. 22 വയസ്സുകാരി അഞ്ജലി സർക്കാർ സംവിധാനത്തിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് പിതാവിന്റെ മരണം സംഭവിച്ചത്.
അധികൃതരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് അച്ഛനെ ഒരുനോക്ക് കാണാൻ അഞ്ജലി വീട്ടിലെത്തിയത്. പിപിഇ കിറ്റ് അടക്കം എല്ലാ സുരക്ഷാമുൻകരുതലുകളും സ്വീകരിച്ചായിരുന്നു യാത്ര. മൂന്ന് മിനിറ്റോളം മൃതദേഹത്തിന് സമീപത്ത് നിന്നു, കണ്ണീർവാർത്ത അഞ്ജലിയെ ആശ്വസിപ്പിക്കാൻ ഉറ്റവർക്കോ അടുത്ത സുഹൃത്തുക്കൾക്കോ സാധിച്ചില്ല. ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് മരണവീട് സാക്ഷ്യം വഹിച്ചത്.