ന്യൂഡൽഹി: കൊവിഡ് ബാധിച്ച രോഗിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നതിന് മുമ്പ് പരാതിക്കാരനായ രോഗിക്ക് മരണം. ഹർജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കാനിരിക്കെയാണ് 80 വയസ്സുകാരനായ കൊവിഡ് രോഗി മരണപ്പെട്ടത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മേയ് 25നാണ് രോഗിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൊവിഡ് രോഗിയുടെ സമീപത്ത് കിടത്തിയതിനാൽ ഇയാൾക്കും വൈറസ് ബാധ ഉണ്ടായെന്നും ഇത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീട് ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാൽ സൗകര്യങ്ങൾ കുറവായതിനാൽ മറ്റ് ആശുപത്രികളിലേക്ക് രോഗിയെ മാറ്റാനായിരുന്നു പരാതിക്കാരന്റെ കുടുംബത്തോട് ആശുപത്രി അധികൃതർ നിർദേശിച്ചത്. തുടർന്ന് രാജീവ്ഗാന്ധി, എയിംസ്, മാക്സ്, ഗംഗാറാം, അപ്പോളോ എന്നീ ആശുപത്രികളെ സമീപിച്ചെങ്കിലും കിടക്ക സൗകര്യമില്ലെന്ന കാരണത്തെ തുടർന്ന് പ്രവേശനം ലഭിച്ചില്ല, ചികിത്സ മുടങ്ങി. തുടർന്നാണ് ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. താൻ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളാണെന്നും തനിക്ക് സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ജൂൺ രണ്ടിനാണ് ഹർജി സമർപ്പിച്ചത്.
ഹർജി സമർപ്പിച്ച തന്റെ കക്ഷി കോടതി കേസ് കേൾക്കുന്നതിന് മുൻപ് മരണപ്പെട്ടതായി പരാതിക്കാരന്റെ അഭിഭാഷകൻ അഡ്വ. ആർപിഎസ് ഭാട്ടി കോടതിയെ അറിയിച്ചു.
Discussion about this post