ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കാലാവധി വായ്പകൾക്ക് മോറട്ടോറിയം അനുവദിച്ചിട്ട് അതേകാലത്ത് പലിശയീടാക്കുന്നത് നീതികേടാണെന്ന് സുപ്രീംകോടതി റിസർവ് ബാങ്കിനോട്. മോറട്ടോറിയം കാലത്തും പലിശയീടാക്കാൻ ബാങ്കുകൾക്ക് അനുമതിനൽകിയ റിസർവ് ബാങ്ക് ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് ഈ നിരീക്ഷണം. സാമ്പത്തികനില രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കാൾ വലുതല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ, പലിശ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നും അത്തരം നടപടി ബാങ്കിങ് മേഖലയെ തകർക്കുമെന്നും റിസർവ് ബാങ്ക് സത്യവാങ്മൂലം നൽകി. കേസിൽ വിശദീകരണംതേടി മേയ് 26ന് റിസർവ് ബാങ്കിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി ആർബിഐ ബുധനാഴ്ച നൽകിയ സത്യവാങ്മൂലത്തിലാണ് പലിശ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശമാത്രം 2.01 ലക്ഷം കോടി രൂപവരുമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
ഈ തുക ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ ഒരു ശതമാനംവരുന്ന തുകയാണ്. ഇത് എഴുതിത്തള്ളുന്നത് ബാങ്കുകളുടെ സാമ്പത്തികസുസ്ഥിരതയെ ബാധിക്കും. അടച്ചിടലിന്റെ പശ്ചാത്തലത്തിൽ ആറുമാസത്തേക്കാണ് കാലാവധി വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. മോറട്ടോറിയം എന്നത് വായ്പാതിരിച്ചടവ് മാറ്റിവെക്കൽ മാത്രമാണ്. അല്ലാതെ ആ സമയത്തുള്ള വായ്പാതിരിച്ചടവ് എഴുതിത്തള്ളുന്നതല്ല. വായ്പയും പലിശയും തിരിച്ചുപിടിക്കുന്നത് അതതു ബാങ്കിന്റെ അധികാരപരിധിയിൽ വരുന്നതാണ്. വായ്പയെടുത്തവർക്ക് ആശ്വാസം നൽകുന്നതിനൊപ്പം ബാങ്കുകളുടെ വരുമാനവും വാണിജ്യപരമായ നിലനിൽപ്പും നിക്ഷേപകരുടെ താത്പര്യങ്ങളും ഉറപ്പുവരുത്തേണ്ടതുമുണ്ടെന്നും ആർബിഐയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എംആർ ഷാ എന്നിവരാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തും മുമ്പേ ആർബിഐയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയം വിവാദമാക്കിമാറ്റുന്നതിനുള്ള ശ്രമമാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. രാജ്യത്തെ പൗരൻമാരെല്ലാം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആർബിഐ ബാങ്കുകളുടെ ലാഭത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
വിഷയത്തിൽ ആർബിഐയുടെയും സർക്കാരിന്റെയും സംയുക്തമറുപടിക്കായി സമയം അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. റിസർവ് ബാങ്കിന്റെ സത്യവാങ്മൂലത്തിന് മറുപടിനൽകാൻ സമയം വേണമെന്ന് പരാതിക്കാരനും ആവശ്യപ്പെട്ടു. തുടർന്ന് കേസ് ജൂൺ 12 ലേക്ക് മാറ്റി.
Discussion about this post