ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് വെട്ടുകിളി ആക്രമണം. ഇത്തവണ വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്ത് ഇരട്ടി കൃഷി നാശം ഉണ്ടായെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചത്. ഏകദേശം ആറ് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം വെട്ടുകിളി സംഘം പ്രജനനത്തിനായി ഇന്ത്യാ-പാക് അതിര്‍ത്തിയിലേക്ക് മടക്കം ആരംഭിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ ഭക്ഷ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. ഇത്തവണ ഇപ്പോള്‍ തന്നെ രണ്ടുലക്ഷത്തിലധികം ഹെക്ടറില്‍ കൃഷിനാശമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മധ്യ-ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വെട്ടുകിളികള്‍ ഏല്‍പ്പിക്കുന്ന പ്രഹരം കനത്തതാവുമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.
രാജസ്ഥാനിലെ 18 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലും വെട്ടുകിളി ആക്രമണം ഉണ്ടായി. വെട്ടുകിളി ആക്രമണത്തില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും മഹാരാഷ്ട്രയിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. രാജസ്ഥാനില്‍ മാത്രം ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പരുത്തി കൃഷി നശിച്ചു. പച്ചക്കറി വിളകളുടെ നാശം വേറെയും ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് കാലവര്‍ഷം എത്തിയതോടെ വെട്ടുകിളി സംഘം പ്രജനനത്തിനായി രാജസ്ഥാന്- പാകിസ്താന് അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.അതുകൊണ്ട് തന്നെ പ്രജനന കാലത്തു തന്നെ ഇവയെ നശിപ്പിച്ച് നാശം കുറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനോടകം മരുന്നു തളിക്കാന്‍ ആയിരം വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി രാജസ്ഥാന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കി കഴിഞ്ഞു. വെട്ടുകിളികളുടെ രണ്ടാം വരവ് തടഞ്ഞില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ കാര്‍ഷിക പ്രതിസന്ധി അതി രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Discussion about this post