മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കില്‍ ഉറപ്പായും നിയമനടപടി നേരിടേണ്ടി വരും; മനേക ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തം, വക്കീല്‍ നോട്ടീസ് അയച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: പാലക്കാട്ടെ മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു. പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് എന്നിവര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

ആനകൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ മലപ്പുറത്തിനെതിരെയുള്ള മോശം പരാമര്‍ശം പിന്‍വലിച്ച് ബിജെപി എംപി മനേക ഗാന്ധി ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ല , മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് മനേക ഗാന്ധി നടത്തിയത്.

ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലുമാണ് മനേക ഗാന്ധി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത്. സംഭവത്തില്‍ മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version