മുംബൈ: അസുഖബാധിതയായ അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു. മുംബൈയിലെ ദഹിസാറിലാണ് സംഭവം. അമ്പത്തി രണ്ടുകാരനായ മകന്‍ യോഗേഷ് ഷേണായി ആണ് എണ്‍പതു വയസുകാരിയായ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നരമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്.
മകന്‍ ചികിത്സാ കാര്യങ്ങളില്‍ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്നും അയല്‍ക്കാര്‍ പ്രതികരിക്കുന്നു. തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു യോഗേഷ്.
എന്നാല്‍ തന്റെ ശമ്പളം കൊണ്ട് അമ്മയെ സമയോചിതമായി ചികിത്സിക്കാനും മരുന്ന് നല്‍കാനും മകന് സാധിച്ചിരുന്നില്ല. സംഭവ ദിവസവും ഇതേ ചൊല്ലി ഇരുവരും വഴക്കിടുകയും ഇതില്‍ രോക്ഷം പൂണ്ട യോഗേഷ് തലയിണ കൊണ്ട് ലളിതയുടെ മുഖം പൊത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അയല്‍വാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ലളിതയെ ആണ് കണ്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കൊലക്കുപയോഗിച്ച കത്തി കണ്ടെത്തിട്ടുണ്ട്. വര്‍ഷങ്ങളായി ഭാര്യയില്‍ നിന്ന് പിരിഞ്ഞ് താമസിച്ചിരുന്ന യോഗേഷ് അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.