ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പത്ത് മലയാളികള്‍ ഉള്‍പ്പടെ 479 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. മെയ് 30ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ 2 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നടപടികള്‍ ശക്തമാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടറുടെ റൂമിന് മുന്പില് മൂന്ന് ദിവസമായി നഴ്സുമാരുടെ സമരം തുടരുകയാണ്.
ഡല്‍ഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതി ഗുരുതരമാണ് സാഹചര്യം. 17 റസിഡന്റ് ഡോക്ടര്‍മാര്‍, 38 നഴ്സുമാര്‍, 74 വീതം സുരക്ഷ ഗാര്‍ഡുകളും അറ്റന്‍ഡര്‍മാരും, 54 ശുചീകരണ ജീവനക്കാര്‍, ലാബ്, എക്സ്റേ തുടങ്ങിയ വിഭാഗങ്ങളിലുള്ള193 ജീവനക്കാര്‍, 2 ഫാല്റ്റികള്, എംബിബിഎസ് വിദ്യാര്‍ത്ഥി, 5 മെസ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേക്കും രോഗം പടര്‍ന്നു.
പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ ഇനിയും ഫലം വരാനുണ്ട്. സീനിയര്‍ ഡോക്ടര്‍ ജിതേന്ദ്ര നാഥ്, ശുചിത്വ സൂപ്പര്‍വൈസര്‍ ഹീര ലാല്‍ എന്നിവരാണ് കോവി ഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സസ് യൂണിയന്റെ നേതൃത്വത്തില്‍ ഡയറക്ടറുടെ റൂമിന് മുന്നില്‍ ആരംഭിച്ച സമരം 3 ദിവസം പിന്നിട്ടു.
കോവിഡ് വാര്‍ഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം, പിപിഇ കിറ്റുകള്‍ അണിഞ്ഞുള്ള ഡ്യൂട്ടിസമയം 6 ല്‍ നിന്ന് 4 മണിക്കൂര്‍ ആക്കണം, എന്നിവ ഉള്‍പ്പെടെ 11 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതുവരെയും പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
Discussion about this post