ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ആള്‍ ഇന്ത്യാ കിസാന്‍ സഭ’യുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തി.മോഡി സര്‍ക്കാരിനെ പുറത്താക്കൂ, കര്‍ഷകരെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യതോടെയാണ് രാജ്യതലസ്ഥാനം ലക്ഷോഭലക്ഷം കര്‍ഷകരുടെ ഉജ്വല റാലിക്ക് സാക്ഷ്യം വഹിച്ചത്.
ഭാഷയുടെയോ വസ്ത്രങ്ങളുടെയോ കൊടികളുടെയോ വ്യത്യാസമില്ലാതെ കര്‍ഷകര്‍ അണിനിരന്ന റാലി വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കര്‍ഷകക്ഷേമ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. വര്‍ഗീയമായി കര്‍ഷകരെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റാലി മുന്നറിയിപ്പ് നല്‍കി. അഴിമതിയില്‍ മുങ്ങിയ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നെത്തിയവര്‍ ചൂണ്ടിക്കാട്ടി.
പൊടിമണ്ണ് നിറഞ്ഞ രാംലീല മൈതാനത്ത് കഴിഞ്ഞ രാത്രി തമ്പടിച്ച കര്‍ഷകര്‍ രാവിലെ നഗരവീഥികളിലൂടെ പാര്‍ലമെന്റ് പരിസരത്തേയ്ക്ക് പ്രവഹിച്ചു. വടക്കുകിഴക്കന്‍ മൂലയായ മേഘാലയ മുതല്‍ തെക്കേ അറ്റമായ തമിഴ്‌നാടിനിന്നുവരെയുള്ളവര്‍ വൈജാത്യങ്ങളില്ലാതെ തോളോട് തോള്‍ചേര്‍ന്ന് മോഡിസര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. ശൈത്യകാലത്തിലേക്ക് കടക്കുന്ന മഹാനഗരം സമരച്ചൂടില്‍ ജ്വലിച്ചു. പിന്തുണയുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഡോക്ടര്‍മാരും അഭിഭാഷകരും കലാകാരന്മാരും സമരത്തില്‍ പങ്കുചേര്‍ന്നു.
കാര്‍ഷികകടങ്ങള്‍ പൂര്‍ണമായി എഴുതിത്തളളുക, വിളകള്‍ക്ക് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരമുള്ള ന്യായവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് 207 സംഘടനകള്‍ ഉള്‍പ്പെട്ട അഖിലേന്ത്യ കിസാന്‍സഭ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി ഡല്‍ഹിയില്‍ രണ്ടുനാള്‍ നീണ്ട കിസാന്‍മുക്തി റാലി സംഘടിപ്പിച്ചത്.വെള്ളിയാഴ്ച രാവിലെ ഘടകസംഘടനകളുടെ ബാനറുകള്‍ക്ക് കീഴില്‍ രാംലീല മൈതാനത്തുനിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് നീങ്ങി. റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തിയശേഷം ചേര്‍ന്ന സമ്മേളനത്തില്‍ കിസാന്‍ കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ സംസാരിച്ചു.കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പിന്തുണപ്രഖ്യാപിച്ച് 21 രാഷ്ട്രീയപാര്‍ടികള്‍ രംഗത്തെത്തി.