ന്യൂഡൽഹി: രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റണമെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യ എന്ന പേരുമാറ്റി ‘ഭാരത്’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാനാകില്ലെന്നും കോടതി അറിയിക്കുകയായിരുന്നു.
ഇന്ത്യ’ എന്ന പേര് കൊളോണിയൽ കാലഘട്ടത്തിലെ ‘ഹാങ് ഓവർ’ ഉള്ളതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കൂടാതെ രാജ്യത്തിന്റെ സംസ്‌കാരം പേരിൽ ഇല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ നഗരങ്ങൾ പലതും പേരുമാറ്റുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ എന്ന പേരും മാറ്റണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാൻ കോടതിക്ക് നിർദേശം നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ഞങ്ങൾക്ക് അതു ചെയ്യാൻ സാധിക്കില്ല. ഭരണഘടനയിൽ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ട്’- ഭരണഘടനയിലെ ആർട്ടിക്കിൾ 1 പരാമർശിച്ച് ബോബ്‌ഡെ അറിയിച്ചു.
അതേസമയം, ഈ ആവശ്യവുമായി ഹർജിക്കാരന് വേണമെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹർജി കോടതി തള്ളി. സമാനമായ ആവശ്യവുമായെത്തിയ ഒരു ഹർജി 2016ൽ സുപ്രീം കോടതി തള്ളിയിരുന്നു.
Discussion about this post