മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ച് ‘നിസര്‍ഗ’ ചുഴലിക്കാറ്റ്; അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ച് ‘നിസര്‍ഗ’ ചുഴലിക്കാറ്റ്. മുംബൈയ്ക്ക് നൂറ് കിലോമീറ്റര്‍ അകലെ അലിബാഗിലാണ് ‘നിസര്‍ഗ’ തീരം തൊട്ടത്. 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മൂന്ന് മണിക്കൂറോളം കാറ്റ് കരയില്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു.

ചുഴലിക്കാറ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ മുംബൈയിലും നവിമുംബൈയിലും കനത്ത മഴയാണ്. മുന്‍കരുതലിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ താല്‍ക്കാലിക കൊവിഡ് ആശുപത്രിയില്‍നിന്ന് 250 രോഗികളെ വര്‍ളി സ്പോര്‍ട്സ് ക്ളബ്ബിലെ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ 16 യൂണിറ്റ് ദുരന്തനിവാരണസേനയെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Exit mobile version