മുടിവെട്ടണോ..? ആധാര്‍ നിര്‍ബന്ധം; പേര്, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വാങ്ങിസൂക്ഷിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളും ശക്തമാക്കി തമഴിനാട്. ഇപ്പോള്‍ തമിഴ്നാട്ടില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

മുടിവെട്ടാന്‍ വരുന്നവരില്‍ നിന്ന് ആധാര്‍ നമ്പര്‍ എഴുതി വാങ്ങണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പേര്, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ വാങ്ങിസൂക്ഷിക്കണമെന്ന് സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവയുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

നേരത്തെ ജൂണ്‍ 30 വരെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് 24 മണിക്കൂറിനിടയില്‍ 1091 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,000വും കടന്നു. ഇതിനു പുറമെ, 13 പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണങ്ങള്‍ 197 ആയി ഉയര്‍ന്നു.

Exit mobile version