തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥ വിഭാഗം. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിയാണ് നിസര്‍ഗ ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലിക്കാറ്റ് മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. കൊറോണയില്‍ വിറങ്ങലിച്ച് കഴിയുന്ന മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുകയാണ്.
ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രണ്ട് ദിവസം പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അയച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന്‍ പറഞ്ഞു.
33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതല്‍ സംഘങ്ങളെ തയ്യാറാക്കിനിര്‍ത്തി. അതേസമയം, കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റര്‍വരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും.