ബംഗളൂരു: കോവിഡ് ഭീതിയ്ക്കിടയിലും സാമൂഹിക അകലമെന്ന മുന്‍കരുതല്‍ കാറ്റില്‍ പറത്തി കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ ഘോഷയാത്ര.
സാമൂഹിക അകലം പാലിക്കാതെ അനേകം അണികളുടെ മധ്യത്തില്‍ അലങ്കരിച്ച തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന മന്ത്രിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വേദതി നദിയില്‍ നടത്തുന്ന ചടങ്ങായ ബാഗിനയില്‍ പങ്കെടുക്കുന്നതിനായി ചിത്രദുര്‍ഗയിലുള്ള പരശുരാമപുരയിലേക്ക് പോയതായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം ട്രക്കില്‍ എംഎല്‍എ ഥിപ്പ റെഡ്ഡിയുമുണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് മതചടങ്ങുകള്‍ നടത്തുന്നതിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍ എന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍ അത് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒരു പരിപാടി ആയിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. ‘ഞാന്‍ വന്നത് നദി ആരാധനയ്ക്കായാണ്. തൊഴിലാളികളുടെ നിര്‍ദേശപ്രകാരമാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളോട് സംസാരിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ എന്റെ മുഖത്തെ മാസ്‌ക് അഴിച്ചുമാറ്റിയത്. പരിപാടിക്കിടയില്‍ മഫ്ളര്‍ ഉപയോഗിച്ച് ഞാന്‍ മുഖം മറച്ചിരുന്നു.’ മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ 3,408 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനമായിരുന്നു കര്‍ണാടക. ഞായറാഴ്ചയാണ് സംസ്ഥാനം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.