ബംഗളൂരൂ: കാല്‍നടയായി 12 ദിവസം കൊണ്ട് 2000കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയ 23 കാരന് മണിക്കൂറുകള്‍ക്കകം പാമ്പിന്റെ കടിയേറ്റ് മരിച്ചു. സല്മാന് ഖാന് എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്മാന് ഖാന് വീട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാമ്പുകടിയേറ്റത്.
ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ മെയ് 12 നാണ് സല്മാന് ഉള്‍പ്പടെയുള്ള പത്തുപേരടങ്ങുന്ന സംഘം ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചത്. കോണ്ട്രാക്ടര് രണ്ടുമാസം ജോലി ചെയ്തതിന്റെ കൂലി തരാതെ വന്നതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
അഞ്ചുമക്കളില്‍ ഇളയവനായ സല്‍മാനെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വാത്സല്യം കൊണ്ട് മകനെ അമ്മ വാരിപ്പുണര്‍ന്നു. പിന്നാലെ ദേഹമാസകലം പറ്റിയ ചെളിയും അഴുക്കും കഴുകി കളയാന്‍ പാടത്തേയ്ക്ക് പോയ സല്മാന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. മകന്റെ മരണത്തിന്റെ ആഘാതത്തില്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post