സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മാതാവ് റൈസാ ബീഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ് അവരിപ്പോള്‍. വാജിദ് ചികിത്സയിലായതിനെ തുടര്‍ന്ന് റൈസാ ഖാനും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. വാജിദ് ഖാനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വൃക്കരോഗത്തിന് സുരാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാജിദ് ഖാന് മരിക്കുന്നതിന്റെ തലേ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയവ. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ‘പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ’ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

Exit mobile version