ബംഗളൂരു: കൊവിഡ് പ്രതിസന്ധിക്കിടെ വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി പോലെ പ്രതിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് കര്‍ണാടക ഭവന വികസന മന്ത്രി വി സോമന്ന പറഞ്ഞു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിയിലെ മുത്യാല മഡുവ വെള്ളച്ചാട്ടത്തിന് സമീപം ബന്നര്‍ഗട്ട നാഷണല്‍ പാര്‍ക്കില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. പ്രതിമയുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നാല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സംഭവത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷവും രംഗത്തെത്തി. മൂന്ന് ഏക്കര്‍ സ്ഥലത്ത് പ്രതിമ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് രംഗത്തെത്തിയത്. പ്രതിമ പണിയാനുള്ള ശരിയായ സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന് മുന്‍ഗണനകളില്ല. പ്രതിമ പണിയാനുള്ള സമയമല്ല, സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്നുവരെ മുഖ്യമന്ത്രി ബാങ്കര്മാരുടേയോ കര്‍ഷകരുടെയോ യോഗം വിളിച്ചിട്ടില്ല. ഒരു രൂപ പോലും കര്ഷകരിലേക്കോ തൊഴിലാളികളിലേക്കോ എത്തിയിട്ടില്ല. ഈ സമയത്തല്ല, സര്‍ക്കാരിന് മതിയായ ഫണ്ട് ഉള്ളപ്പോള്‍ പ്രതിമ നിര്‍മ്മിക്കുക. സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കാനുള്ള സമയമാണിത്.’ -ശിവകുമാര്‍ പറഞ്ഞു.
Discussion about this post