ന്യൂഡൽഹി: ഇനി ഇന്ത്യയിൽ ഉടനീളമുള്ള കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ നിന്നും വിദേശ ഉത്പന്നങ്ങൾ ലഭിക്കില്ല. ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പന്നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. നേരത്തെ ലഭ്യമായിരുന്ന മൈക്രോവേവ് ഓവനുകൾ, പാദരക്ഷകൾ എന്നിവയുൾപ്പെടെയാണ് നീക്കം ചെയ്തത്.
കേന്ദ്ര സായുധ പോലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂൺ ഒന്ന് മുതൽ തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രമായിരിക്കും വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എൻഎസ്ജി, അസം റൈഫിൾസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പന്നങ്ങൾ മാത്രമേ ജൂൺ ഒന്ന് മുതൽ സായുധ പോലീസ് സേന കാന്റീനുകൾ വഴി വിൽക്കുകയുള്ളൂയെന്ന് അർദ്ധസൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തിൽ കെപികെബി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ഉൽപ്പന്ന തിരിച്ചുള്ള വിവരങ്ങൾ തേടിയെന്നും അവർ കത്തിൽ പറഞ്ഞു.
കമ്പനികൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി 1ൽ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ഉത്പന്നങ്ങളാണുള്ളത്. കാറ്റഗറി 2ൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തതും എന്നാൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചതോ കൂട്ടിച്ചേർത്തതോ ആയ ഉത്പന്നങ്ങളാണുള്ളത്. കാറ്റഗറി 3ൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളും.
ഇവയിൽ കാറ്റഗറി 3ന് കീഴിലുള്ള ഉൽപ്പന്നങ്ങൾ മുതൽ ഡി ലിസ്റ്റ് ചെയ്യപ്പെടും. ജൂൺ ഒന്ന് മുതൽ ഇവയുടെ വിൽപ്പനയാണ് വിലക്കിയിരിക്കുന്നത്.
Discussion about this post