മുംബൈ: നമസ്‌തേ ട്രംപ് പരിപാടിയാണ് ഗുജറാത്തിൽ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരിയിൽ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെ ഈ കൊറോണ വൈറസ് മുംബൈയിലേക്കും ഡൽഹിയിലേക്കും വ്യാപിക്കുകയായിരുന്നു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികൾ ഡൽഹിയും മുംബൈയും സന്ദർശിച്ചിരുന്നു. ഇത് വ്യാപനത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നും ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണം എടുത്തു കളയാനുള്ള ചുമതല നൽകിയിരിക്കുന്നത് സംസ്ഥാനങ്ങൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാംനയിലെ തന്റെ പ്രതിവാര കോളത്തിൽ ആണ് റാവത്ത് അഭിപ്രായം രേഖപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തിൽ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികൾ ഡൽഹിയും മുംബൈയും സന്ദർശിച്ചു. ഇത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് റാവത്തിന്റെ ആരോപണം.
ഫെബ്രുവരി 24 ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേർന്ന നടത്തിയ റോഡ് ഷോ കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിയത്. റോഡ് ഷോയ്ക്ക് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം പേരെയാണ് ഇരുരാഷ്ട്രത്തലവന്മാരും അഭിസംബോധന ചെയ്തത്.
Discussion about this post