ലഖ്നൗ: ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നവരും കുടിയേറ്റത്തൊഴിലാളികള്‍ക്ക് നേരെ ആക്രോശിക്കുന്നതിന്റേയും ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് നടപടി.
പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദ് തുണ്ട്ലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായ ഡികെ ദീക്ഷിതിന്റെ നേതൃത്വത്തില്‍ റെയില്‍വേ ജീവനക്കാര്‍ ശ്രമിക് ട്രെയിനിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുകയും അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്.
ഡികെ ദീക്ഷിതിന്റെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് ബിസ്‌ക്കറ്റ് വിതരണമെന്ന് റെയില്‍വേ ജീവനക്കാരന്‍ വിളിച്ച് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡികെ ദീക്ഷിതിനെ സസ്പെന്‍ഡ് ചെയ്തെന്ന് അറിയിച്ച റെയില്‍വേ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.