അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അത്തരത്തില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ ‘നിസര്‍ഗ’ എന്ന പേരിലാകും അറിയപ്പെടുക. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണിത്.

തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിനടുത്തായിട്ടാണ് ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഈ ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റായ് മറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കിയാകും ഈ ചുഴലിക്കാറ്റ് സഞ്ചരിക്കുകയെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും ഏഴു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരളാ തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.

Exit mobile version