കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 1 കോടി നേടിയ ആ 14കാരന്‍ ഇന്ന് ഗുജറാത്ത് പോര്‍ബന്തറിലെ എസ്പി; പ്രചോദനമായി രവി മോഹന്‍ സെയ്‌നിയുടെ വിജയഗാഥ

ഗുജറാത്ത് പോര്‍ബന്തറിലെ എസ്പി രവി മോഹന്‍ സെയ്‌നിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ ഷോയില്‍ 15 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കി ഒരു കോടി നേടിയ ആ 14കാരനാണ് ഇപ്പോള്‍ എസ്പി തിളക്കത്തില്‍ നില്‍ക്കുന്നത്.

2001 ലെ കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയര്‍ ഷോയിലാണ് രവി മോഹന്‍ സെയ്‌നി വന്‍ വിജയം നേടിയത്. പോര്‍ബന്ദര്‍ എസ്പിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് രാജ്‌കോട്ടില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹം എസ്പിയായി ചുമതലയേറ്റത്. 2012 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ അദ്ദേഹം എഴുതാന്‍ ആരംഭിച്ചു. 2014 ല്‍ ഐപിഎസ് നേടി തന്റെ സ്വപ്‌നം സഫലമാക്കുകയും ചെയ്തു.

അഖിലേന്ത്യാ തലത്തില്‍ 461 റാങ്ക് നേടിയാണ് സെയ്‌നി ഗുജറാത്ത് കേഡറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിലെ അള്‍വാര്‍ സ്വദേശിയായ ഡോ. രവി മോഹന്‍ സെയ്‌നി എംബിബിഎസ് ബിരുദധാരി കൂടിയാണ്. ജയ്പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് അദ്ദേഹം പഠനം കഴിഞ്ഞ് ഇറങ്ങിയത്.

ശേഷം ഐപിഎസ് എന്ന സ്വപ്‌നത്തിലേയക്ക് കടക്കുകയായിരുന്നു. മനസില്‍ ഉറപ്പിച്ചതുപോലെ അതും സ്വന്തമാക്കുകയും ചെയ്തു. പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തെ നേവല്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സെയ്‌നി പങ്കെടുത്തത്.

അദ്ദേഹത്തിന്റെ വാക്കുകള്‍;

‘ഒരു കോടി സമ്മാനം ലഭിച്ചയാളാണ് ഞാന്‍. നികുതിയിളവിന് ശേഷം എനിക്ക് 69 ലക്ഷം രൂപ ലഭിച്ചു, നാല് വര്‍ഷത്തിന് ശേഷം, ഷോയുടെ നിയമങ്ങള്‍ അനുസരിച്ച്, വിജയികള്‍ക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് സമ്മാന തുക നല്‍കുക. അതുപയോഗിച്ച് കുറച്ച് ഭൂമി വാങ്ങി. വിദ്യാഭ്യാസത്തിനുള്ള ചെലവിനും ആ തുക ഉപയോഗിച്ചു”

Exit mobile version