ലഖ്നൗ: കൊവിഡ് വ്യാപനം കാരണം പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട ഗൃഹനാഥൻ കുടുംബത്തെ സംരക്ഷിക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സ്വദേശിയായ ഭാനു പ്രകാശ് ഗുപ്ത (50) ആണ് വെള്ളിയാഴ്ച ജീവനൊടുക്കിയത്. കുടുംബത്തിന്റെ പട്ടിണി കാണാൻ കഴിയാതെ ഇയാൾ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഷാജഹാൻപുരിലെ ഒരു ഹോട്ടലിലെ തൊഴിലാളി ആയിരുന്നു ഭാനു പ്രകാശ്. ഭാര്യയും നാലു കുട്ടികളും സുഖമില്ലാത്ത അമ്മയുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് ഭാനു പ്രകാശിന്റെ വരുമാനത്തിലായിരുന്നു. ലോക്ക്ഡൗൺ കാരണം ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്ന് ഇയാളുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
‘റേഷൻ കട വഴി ലഭിച്ച അരിയും ഗോതമ്പും വീട്ടിലുണ്ട്. അത് നൽകിയതിൽ നന്ദി, എന്നാൽ കുടുംബത്തിന് കഴിയാൻ അത് മാത്രം മതിയാവില്ല. പഞ്ചസാര, പാൽ, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ വാങ്ങാൻ എന്റെ പക്കൽ പണമില്ല’ ഭാനു പ്രകാശിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നൽകാൻ കഴിയുന്നില്ലെന്നും ജില്ലാ ഭരണകൂടം ഒരു സഹയവും നൽകുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഭാനു പ്രകാശിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Discussion about this post