കൃഷ്ണഗിരി: ഉത്തരേന്ത്യയില്‍ വന്‍ കൃഷിനാശം വരുത്തിവെച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കൃഷ്ണഗിരിയില്‍ ഏക്കര്‍ കണക്കിന് കൃഷി വെട്ടുകിളി കൂട്ടം നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
കൃഷ്ണഗിരിക്ക് പുറമെ വയനാട്-മലപ്പുറം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി ജില്ലയിലും വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പാടങ്ങളിലാണ് വെട്ടുകിളികള്‍ വിഹരിക്കുന്നത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശംവിതച്ച വെട്ടുകിളികളല്ല തമിഴ്നാട്ടിലേതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇവിടെ കണ്ടെത്തിയത് പ്രാദേശികമായി കണ്ടുവരുന്ന വെട്ടുകിളികൂട്ടമാണെന്നും അവ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കര്‍ണ്ണാടക, തെലങ്കാന ഉള്‍പ്പടെ 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ അന്‍പതിനായിരം ഹെക്ടര്‍ പ്രദേശത്ത് വെട്ടുകിളിക്കൂട്ടം കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 377 കേന്ദ്രങ്ങളില്‍ ആയി 53,997 ഹെക്ടര്‍ സ്ഥലത്ത് മരുന്ന് തളി ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായാണ് കാര്‍ഷിക മന്ത്രാലയം അറിയിച്ചത്.
Discussion about this post