ന്യൂഡല്‍ഹി: കൊവിഡിന് പുറമെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് വെട്ടുകിളികളുടെ ആക്രമണം. വെട്ടുകിളികളുടെ വരവ് രാജ്യത്തെ വിമാനങ്ങള്‍ക്കും ഭീഷണിയാവുന്നുണ്ടെന്നാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ്. വിമാനകമ്പനികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഡിജിസിഎ നല്‍കിയിട്ടുണ്ട്.
വിമാനങ്ങള്‍ റണ്‍വേയിലേക്ക് ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് ഡിജിസിഎ നല്‍കിയിരിക്കുന്നത്. വിമാനം വെട്ടുകിളികൂട്ടത്തില് പെട്ടാല്‍ വിമാനത്തിലേക്ക് വായു കടക്കുന്ന എല്ലാ ഭാഗത്തുകൂടെയും അവ കടക്കാനും കുഴപ്പങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അത്തരത്തില്‍ ഇവ അകത്തേക്ക് കടന്നാല്‍ വിമാനത്തിന്റെ പല സെന്‍സറുകളുടെ ഉള്ളിലും വെട്ടുകിളികള്‍ എത്താനും കാറ്റിന്റെ വേഗത, സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം തുടങ്ങി സുപ്രധാന വിവരങ്ങളുടെ റീഡിംഗ് തെറ്റാനും സാധ്യതയുണ്ടെന്നാണ് ഡിജിസിഎ വ്യക്തമാക്കിയത്. ട്വിറ്ററില്‍ മുന്നറിയിപ്പിന്റെ പകര്‍പ്പ് ഡിജിസിഎ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
വെട്ടുകിളികള്‍ കൂട്ടമായെത്തുമ്പോള്‍ അവ പൈലറ്റുമാരുടെ കാഴ്ച്ച തടസപ്പെടുന്ന രീതിയില്‍ പ്രത്യക്ഷപ്പെടാം. പ്രത്യേകിച്ച് വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന നിര്‍ണ്ണായക സമയത്ത് വെട്ടുകിളിക്കൂട്ടം കാഴ്ച്ച മറച്ചാല്‍ അപകടത്തിന് സാധ്യത ഏറെയാണ്. അതേസമയം ഇത്തരം അവസരങ്ങളില്‍ പൈലറ്റുമാര്‍ ഒരിക്കലും വൈപ്പറുകള്‍ ഉപയോഗിക്കരുതെന്നും വൈപ്പറുകള്‍ ഉപയോഗിച്ചാല്‍ കാഴ്ച്ച കൂടുതല്‍ തടസപ്പെടുമെന്നും ഡിജിസിഎ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമ പാതയില്‍ നിന്നും വെട്ടുകിളി കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയാണ് ഏറ്റവും സുരക്ഷിതം. രാത്രികാലങ്ങളില്‍ വെട്ടുകിളികള്‍ പറക്കാറില്ലെന്നത് മാത്രമാണ് ഏക ആശ്വാസമെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണത്തിലൂടെയാണ് രാജ്യത്തെ മധ്യ-വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.
— DGCA (@DGCAIndia) May 29, 2020
Discussion about this post