കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊവിഡ് ബാധയ്ക്ക് കാരണം ഇന്ത്യൻ റെയിൽവേയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. റെയിൽവേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യൽ ട്രെയിനുകളെല്ലെന്നും ‘കൊറോണ എക്സ്പ്രസ് ട്രെയിനുകൾ’ ആണെന്നും മമത പറഞ്ഞു. ശ്രമിക് സ്പെഷ്യൽ ട്രെയിനുകളുടെ പേരിൽ റെയിൽവേ കൊറോണ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുന്നുവെന്ന് മമതാ ബാനർജി വാർത്താ ഏജൻസിയായ പിടിഐയോട് ആരോപിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനിൽ അയക്കുകയാണെന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ഒരു ട്രെയിനിൽ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ റെയിൽവേ അയയ്ക്കുന്നു, എന്തുകൊണ്ടാണ് കുടിയേറ്റക്കാർക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കാത്തതെന്നും മമത പറഞ്ഞു.
രണ്ട് മാസത്തിനുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പശ്ചിമ ബംഗാൾ വിജയിച്ചുവെന്നും പുറത്തുനിന്നുള്ള ആളുകൾ വരുന്ന സാഹചര്യത്തിലാണ് കേസുകൾ വർധിക്കുന്നതെന്നും മമതാ ബാനർജി മുമ്പ് ആരോപിച്ചിരുന്നു.
Discussion about this post