ലഖ്‌നൗ: ട്രെയിനില്‍ കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. ശ്രമിക് ട്രെയിനിലെ ശുചിമുറിയിലാണ് കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ കോച്ചുകള്‍ അണു വിമുക്തമാക്കുന്നതിനിടെ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവട്ടം യാത്ര പൂര്‍ത്തിയാക്കി ട്രെയിന്‍ കോച്ചുകള്‍ അണു വിമുക്തമാക്കുന്നതിനിടെയാണ് റെയില്‍വേ ജീവനക്കാര്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങിയതായിരുന്നു ഇയാള്‍. മേയ് 23നാണ് ശര്‍മ്മ ഝാന്‍സിയിലെത്തിയത്.
അതിനു ശേഷം അദ്ദേഹത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മറ്റ് കുടിയേറ്റക്കാരെയും ബസ്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗോരഖ്പൂരിലേക്ക് ട്രെയിന്‍ കയറാന്‍ ജില്ലാ ഭരണകൂടം സ്റ്റേഷനിലേക്ക് അയച്ചിരുന്നു. പിന്നീട് ട്രെയിനില്‍ ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഝാന്‍സി പോലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് ശര്‍മ്മ മരിച്ച കാര്യം തങ്ങളറിയുന്നതെന്ന് ബന്ധു കനയ്യ ലാല്‍ ശര്‍മ്മ പറഞ്ഞു. ശര്‍മ്മയുടെ ബാഗില്‍ 28,000 രൂപയും ഒരു ബാര്‍ സോപ്പും കുറച്ചു പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്.
കൊറോണ ടെസ്റ്റും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ശര്‍മ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കുമെന്ന് പോലീസ് വ്യക്തമാക്കി. ശര്‍മ്മയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post