ലഖ്നൗ: ഉത്തര്‍പ്രദേശിലെ സൗനൊര ഗ്രാമത്തിലെ തൊഴിലാളികള്‍ കണ്ടത് മണ്‍കൂനയില്‍ പൊന്തി നിന്ന ആ കുഞ്ഞിന്റെ കാലാണ്. ദൈന്യമായ നേര്‍ത്ത കരച്ചില് കേട്ട ദിക്കിലേക്ക് ഓടിയെത്തിയ അവര്‍ ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ കണ്ടത് വായ നിറയെ മണ്ണുമായി കിടക്കുന്ന ചോരക്കുഞ്ഞിനെയായിരുന്നു.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണു ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിനു അത്ഭുതകരമായ പുനര്ജന്മം ലഭിച്ചത്. നിര്‍മ്മാണം നടക്കുന്ന വീടിനോടു ചേര്‍ന്ന്, കാടുപിടിച്ച സ്ഥലത്തുള്ള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണു ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണര്‍ സമീപത്തെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
വായിലും മൂക്കിലും മണ്ണു പോയതിനാല്‍ ശ്വാസകോശത്തിനു കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു നിലവില്‍ ഡോക്ടര്‍മാര്‍ പങ്കുവെച്ച ആശങ്ക. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി, പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധചികിത്സയ്ക്കായി പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Discussion about this post