ഹൈദരാബാദ്: കാണാതായ പിതാവിനെ രണ്ടുവർഷത്തിനുശേഷം ടിക് ടോക്ക് വഴി കണ്ടെത്തി മകൻ. പഞ്ചാബ് പോലീസ് ചിത്രീകരിച്ച വീഡിയോയിൽ നിന്നാണ് സ്വന്തം അച്ഛനെ ലോക്ക്ഡൗൺ കാലത്ത് പോലീസ് കോൺസ്റ്റബിൾ ചിത്രീകരിച്ച ടിക്ക് ടോക്ക് വീഡിയോയിൽനിന്ന് കണ്ടെത്തി മകൻ. തെലങ്കാനയിലാണ് സംഭവം. സംസാരിക്കുന്നതിനും കേൾവിക്കും ബുദ്ധിമുട്ടുള്ള ആർ വെങ്കടേശ്വരലുവിനെയാണ് മകൻ കണ്ടെത്തിയത്.
ജോലിക്കായി തൊട്ടടുത്ത ഗ്രാമത്തിലെത്താൻ ഒരു ട്രക്കിൽ കയറിപ്പോയ അദ്ദേഹം പിന്നീട് പഞ്ചാബിലെത്തിപ്പെടുകയായിരുന്നു. അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അഞ്ച് മക്കളും അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് രണ്ടു വർഷത്തിനുശേഷം ലോക്ക്ഡൗണിനിടെ പഞ്ചാബ് പോലീസ് കോൺസ്റ്റബിൾ ചിത്രികരിച്ച വീഡിയോയിൽ വെങ്കടേശ്വരലുവിന്റെ മുഖം ശ്രദ്ധയിൽപ്പെട്ട മകന്റെ സുഹൃത്ത് അക്കാര്യം കുടുംബത്തെ അറിയിക്കുകയായിരുന്നു. പഞ്ചാബ് പോലീസുമായി ഉടൻ ബന്ധപ്പെട്ട കുടുംബത്തിന് സ്വന്തം അച്ഛനെ ഉടൻ വീട്ടിലെത്തിക്കാൻ കഴിഞ്ഞു.
2018 ഏപ്രിലിൽ അടുത്ത ഗ്രാമത്തിലേക്ക് പോകാൻ ഒരു ട്രക്കിൽ കയറിയ വെങ്കടേശ്വരലു ഉറങ്ങിപ്പോയതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. അദ്ദേഹം ഉറക്കം ഉണർന്നപ്പോഴേക്കും ട്രക്ക് കിലോമീറ്ററുകൾ പിന്നിട്ടിരുന്നു. വെങ്കടേശ്വരലുവിന് ഇറങ്ങേണ്ട സ്ഥലം പിന്നിട്ടുവെന്ന് മനസിലാക്കിയതോടെ ട്രക്ക് ഡ്രൈവർ അദ്ദേഹത്തെ വഴിയരികിൽ ഇറക്കിവിട്ടു. വീട്ടിലേക്ക് തിരിച്ചെത്തുന്നതിനായി അദ്ദേഹം മറ്റുപല ട്രക്കുകൾക്കും കൈ കാണിച്ചു. വൈകാതെ ഒരു ട്രക്കിൽ കയറിക്കൂടി. സംസാരിക്കാൻ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വെങ്കടേശ്വരലുവിന് ഡ്രൈവറെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞില്ല.
രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറാണ് അദ്ദേഹത്തെ ലുധിയാനയിൽ ഇറക്കിവിട്ടത്. സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കാരണം വീട്ടിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
പിന്നീട്, പഞ്ചാബ് പോലീസ് കോൺസ്റ്റബിൾ അജയ്ബ് സിങ് ചിത്രീകരിച്ച വീഡിയോയാണ് വെങ്കടേശ്വരലുവിനെ സ്വന്തം വീട്ടിലെത്താൻ സഹായിച്ചത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്സുള്ള അജയ്ബ് സിങ് ലോക്ക്ഡൗണിനിടെ ലുധിയാനയിലും പരിസരത്തും തമ്പടിച്ച കുടിയേറ്റ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും അജയ്ബ് സിങ് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചു നൽകുന്ന വീഡിയോയിൽ നിന്നാണ് വെങ്കടേശ്വരലുവിനെ കണ്ടെത്തിയത്. ലുധിയാനയിലെ മേൽപ്പാലത്തിന് അടിയിൽ വിശ്രമിച്ചവർക്ക് പോലീസ് കോൺസ്റ്റബിൾ ഭക്ഷണം നൽകുന്നതിന്റെ വീഡിയോയിലാണ് വെങ്കടേശ്വരലുവിന്റെ മുഖവും തെളിഞ്ഞത്.
ലോക്ക്ഡൗൺ കഴിയുന്നതുവരെ പിതാവിനെ നോക്കിക്കൊള്ളാമെന്നും അതു കഴിഞ്ഞ് വന്ന് കൂട്ടിക്കൊണ്ടുപോയാൽ മതിയെന്നും പഞ്ചാബ് പോലീസ് പറഞ്ഞുവെങ്കിലും കുടുംബത്തിന് അതുവരെ കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. സംസ്ഥാനാന്തര യാത്രയ്ക്കുള്ള അനുമതി അധികൃതരിൽനിന്ന് വാങ്ങി കുടുംബം ലുധിയാനയിലെത്തി, അദ്ദേഹത്തെ കൂടെ കൂട്ടുകയായിരുന്നു.
Discussion about this post