ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനം അടച്ചു. ഇതിനു പുറമെ, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസും അടച്ചു. റെയില്‍വേ ആസ്ഥാനത്തെ ഒരു ഓഫീസര്‍ക്കും ഓഫീസ് സൂപ്രണ്ടിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫീസിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല.
രോഗം സ്ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഓഫീസ് അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം 33 ശതമാനം ജീവനക്കാര്‍ മാത്രമായിരുന്നു ലോക്ഡൗണിന്റെ ആദ്യഘട്ടം മുതല്‍ ജോലിയിലുണ്ടായിരുന്നത്.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് 50 ശതമാനം ജീവനക്കാര്‍ ഓഫീസില്‍ എത്തിതുടങ്ങിയതെന്നും അധികൃതര്‍ പറയുന്നു. ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചെങ്കിലും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ടെലിഫോണ്‍, ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടണമെന്നും ദക്ഷിണറെയില്‍വേ ഡെപ്യൂട്ടി ചീഫ് ഓഫിസര്‍ സിദ്ധാര്‍ഥ് എസ്‌കെ രാജ് അറിയിച്ചു.