കുടിയേറ്റ തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി വാങ്ങരുത്; ഭക്ഷണം ഉറപ്പാക്കണം; കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ഇതുവരെ ചെയ്തത്; തൊഴിലാളികൾക്കായി ശബ്ദിച്ച് സുപ്രീം കോടതി

Supreme Court | Kerala News

ന്യൂഡൽഹി: ഒടുവിൽ ലോക്ക്ഡൗണിൽ സ്വന്തം നാട്ടിലേക്ക് തിരിക്കാനാകാതെ അന്യദേശത്ത് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തിൽ സുപ്രധാന വിധി പ്രസ്താവിച്ചത്.

കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കൊപ്പം റെയിൽവേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏത് സംസ്ഥാനങ്ങളിൽ നിന്നാണോ തൊഴിലാളികൾ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണം റെയിൽവേ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളും റെയിൽവേയും നൽകണം. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ എത്രയും വേഗത്തിലാക്കണം. യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വർധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്നും പരമോന്നത കോടതി ചോദ്യം ചെയ്തു. തൊഴിലാളി പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതിൽ കോടതിക്ക് തർക്കമില്ല. എന്നാൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. അന്തർ സംസ്ഥാന തൊഴിലാളികൾ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങൾ പണം നൽകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.

കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് സഞ്ചയ് കിഷൻ കൗൾ, ജസ്റ്റിസ് എംആർ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

Exit mobile version