ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമയിലെ സ്‌ഫോടനത്തിന്റെ മോഡലിൽ മറ്റൊരു ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. പുൽവാമയിൽ തന്നെയാണ് വൻ കാർ സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടത്. ഈ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തുകയായിരുന്നു.
ഒരു വൻ ആക്രമണം നടത്താൻ പര്യാപ്തമായ 20 കിലോയിലധികം സ്‌ഫോടക വസ്തു (ഐഇഡി) വഹിച്ചുള്ള കാർ സുരക്ഷാസേന തടഞ്ഞു നിർത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാർ ചെക്ക്‌പോയിന്റിൽ നിർത്താൻ സിഗ്നൽ നൽകിയെങ്കിലും ബാരിക്കേഡുകൾ മറികടന്ന് പോകാൻ ശ്രമിച്ചുവെന്ന് കാശ്മീർ പോലീസ് പറഞ്ഞു.
കാർ നിർത്താതിരുന്നതിനെ തുടർന്ന് സുരക്ഷാഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിനുള്ളിൽ നിന്ന് 20 കിലോയിലധികം വരുന്ന ഐഇഡി കണ്ടെടുത്തു. ഐജി വിജയ് കുമാർ പറഞ്ഞു. ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങൾ രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതൽ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചിൽ നടത്തിവന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കാറിൽ നിന്ന് വളരെ ശ്രദ്ധാപൂർവ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. സൈന്യവും പോലീസും അർധ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും വിജയ് കുമാർ അറിയിച്ചു.
Discussion about this post